ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍
ചാന്താട്ടം
ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടാണ് ചാന്താട്ടം. ദാരബിംബ പ്രതിഷ്ഠയുള്ള ഭദ്രകാളി ക്ഷേത്രങ്ങളില്‍ മാത്രം നടത്തിവരാറുള്ള അതിപ്രധാനമായ വഴിപാടാണ് ചാന്താട്ടം. കഠിനമായ വ്രതാനുഷ്ഠാനങ്ങളോടെ പ്രത്യേകതരം ഔഷധക്കൂട്ടുകള്‍ ചേര്‍ത്തുണ്ടാക്കുന്ന ചാന്ത്, കലശപൂജകളോടെ ബിംബത്തില്‍ അഭിഷേകം ചെയ്യുന്നു. ഉഗ്രരൂപിണിയായ ശ്രീഭദ്രകാളി ഇതോടെ സംപ്രീതയായി തീരുകയും സര്‍വ്വാദീഷ്ടദായിനിയായി വിരാജിക്കുകയും ചെയ്യുന്നു. ആടിയ ചാന്ത് ധരിക്കുന്നത് ഭക്തജനങ്ങള്‍ക്ക് പ്രത്യേകിച്ച് മംഗല്യവതികളായ സ്ത്രീകള്‍ക്ക് അത്യന്തം ഐശ്വര്യപ്രദമാണ്. മംഗല്യസിദ്ധി, ഇഷ്ടസന്താനലബ്ധി തുടങ്ങിയ സര്‍വ്വാദീഷ്ടങ്ങള്‍ക്കും ക്ഷിപ്ര ക്ഷിപ്രസാദ്ധ്യയായി കണക്കാക്കുന്ന ഉത്തമമായ വഴിപാടാണിത്. തന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ചേന്ദംകുളങ്ങര ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് ഈ വഴിപാട് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ ക്ഷേത്രത്തില്‍ എല്ലാമാസവും ഭരണിനാളിലാണ് ചാന്താട്ടം നടത്തുന്നത്. അതിനാല്‍ മുന്‍കൂട്ടിയുള്ള ബുക്കിംഗിലൂടെ മാത്രമേ ഇത് നടത്തിവരാറുള്ളു.
പറ
ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് പറ നിറക്കല്‍, സാധാരണയായി ക്ഷേത്രങ്ങളില്‍ ഉത്സവകാലഘട്ടത്തോടനുബധിച്ചാണ് പറയെടുപ്പ് നടത്താറുള്ളത്. മേടമാസത്തിലാണ് പറപുറപ്പെടുന്നത്. പറ പുറപ്പെടുന്ന ദിവസം അത്താഴപൂജക്കുശേഷം ഇല്ലത്തു നിന്നാണ് പറ പുറപ്പെടുന്നത്. അവിടെ ആഘോഷത്തോടെ തന്നെ പുറപ്പെടല്‍ ചടങ്ങ് ആരംഭിക്കുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്ഷേത്രത്തിനു സമീപമുള്ള ഏഴ് തട്ടകങ്ങളിലെയും ഭക്തജനഗൃഹങ്ങളില്‍ നിന്നും നിറപറകള്‍ ഭഗവതി സ്വീകരിക്കുകയും ചെയ്യുന്നു. കര്‍ക്കിടക മാസത്തിനുമുമ്പ് കപ്ലിങ്ങാട്ടു മനയില്‍ തന്നെ പറ കാലം കൂടുകയും ചെയ്യുന്നതോടെ പറയെടുപ്പ് അവസാനിക്കുന്നു. ഇതു കൂടാതെ കുഭ ഭരണിനാളില്‍ ക്ഷേത്രനടക്കല്‍ വച്ച് പറനിറക്കല്‍ ചടങ്ങ് നടത്താറുണ്ട്. അന്നേദിവസം അരി, മലര്‍, ശര്‍ക്കര, അവില്‍ പൂവ്, നെയ്യ്, മഞ്ഞള്‍, നാണയം തുടങ്ങിയ പറകള്‍ ദേവിയുടെ തിരുനടയില്‍ വച്ച് തങ്ങളുടെ ആഗ്രഹസാഫല്യങ്ങള്‍ക്കായി ഭക്തജനങ്ങള്‍ നിറക്കുന്നു. കാലക്രമത്തില്‍ ഇതിനു തരക്കേറിയതോടെ എല്ലാ ദിവസവും ഇതുപോലെ ക്ഷേത്രനടയില്‍ വച്ച് പറ നിറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എങ്കിലും കുംഭഭരണി ദിവസം ക്ഷേത്ര നടക്കല്‍ പറ നിറക്കുന്നത് വിശേഷമായി കരുതുന്നു.