ഐതീഹ്യം

കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ പരമഭക്തനായിരുന്നു കപ്ലിങ്ങാട്ടു മനയിലെ ശ്രീ ജയന്തന്‍ നമ്പൂതിരി (ചേന്ദന്‍) പ്രായമേറെയായിട്ടും അദ്ദേഹം കൊടുങ്ങല്ലൂരില്‍ വന്ന് ദേവിയെ ഭജിക്കുകയും അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്്തിരുന്നു. ഇനി ഒരു വരവ് സാധിക്കുമോ ദേവീ... എന്ന് സങ്കടപ്പെട്ട് അദ്ദേഹം കൊടുങ്ങല്ലൂരമ്മയെ തൊഴുത് തിരിച്ചു വരുകയായിരുന്നു. യാത്രാക്ഷീണം മാറ്റുവാനായി തന്റെ ഇല്ലത്തിനടുത്തുള്ള കുളത്തില്‍ ഇറങ്ങി ഓലക്കുടയും സഞ്ചിയും കുളത്തിന്റെ കരയില്‍ വച്ച് കുളത്തിലിറങ്ങി കാലും മുഖവും കഴുകി. തിരിച്ച ചെന്ന് കുട എടുക്കാന്‍ നോക്കിയപ്പോള്‍ കുട അനങ്ങുന്നില്ല. അദ്ദേഹത്തിന് ആകെ പരിഭ്രമമായി. കൊടുങ്ങല്ലൂരമ്മയെ പ്രാര്‍ത്ഥിച്ച് വീണ്ടും കുട എടുത്തപ്പോള്‍ അത്ഭുതമെന്നു പറയട്ടെ കുട നിഷ്പ്രയാസം എടുക്കാന്‍ സാധിച്ചു. തന്റെ ഈശ്വര ഭക്തിയില്‍ തൃപ്തയായ ശ്രീ ഭഗവതി തന്റെ കൂടെ കുടപ്പുറത്ത് എഴുന്നള്ളിയിരിക്കയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഭഗവതീ സാന്നിദ്ധ്യം ആദ്യമായി അറിയിച്ച ഈ സ്ഥലത്തേക്ക് ക്ഷേത്ര പ്രതിഷ്ഠാ ദിനമായ കുംഭഭരണിക്ക് പഞ്ചവാദ്യത്തോടുകൂടി 5 ആനകളെ എഴുന്നള്ളിച്ച് ദേവിയെ വരവേല്‍ക്കുന്ന ആചാരം ഇന്നും നടന്നു വരുന്നു.
കൊടുങ്ങല്ലൂരമ്മയുട ഈ ഭഗവതീ സാന്നിദ്ധ്യം തന്റെ ഇല്ലത്തു തന്നെ തുടര്‍ന്നും ലഭിക്കുകയാണെങ്കില്‍ നിത്യവും ഭഗവതിയെ ആരാധിക്കുവാനും സേവിക്കുവാനും സാധിക്കും എന്ന് ആഗ്രഹിച്ച് ദേവിയെ ഇല്ലത്തെ പടിഞ്ഞാറ്റയില്‍ കുടിവച്ചു കൊള്ളാമെന്ന് പ്രാര്‍ത്ഥിച്ചു. അങ്ങിനെ ഇല്ലത്തെ പടിഞ്ഞാറ്റിയില്‍ കൊണ്ടുചെന്ന് ഒരു പീഠത്തില്‍ ഇരുത്തി നിത്യപൂജ തുടങ്ങി. പീഠത്തിനു സമീപത്തായി വാളും ചിലമ്പും അരമണിയും ഭഗവതീ സാന്നിദ്ധ്യത്തില്‍ പ്രതീകമായി വച്ചിട്ടുണ്ട്. ഇല്ലത്ത് ഭദ്രകാളി കൂടാതെ ഗണപതി, ദുര്‍ഗ്ഗ, ശിവന്‍, ശാസ്താവ്, സുബ്രമണ്യന്‍, വിഷ്ണു എന്നിവര്‍ക്കും നിത്യവും തേവാരം ഉണ്ട്.
ഇല്ലത്തെ പടിഞ്ഞാറ്റിയില്‍ കുടിവച്ച ഈ ദേവീ ചൈതന്യത്തെ പറ്റി കേട്ടറിഞ്ഞ ഗ്രാമവാസികള്‍ അവര്‍ക്കും ദേവിെ നിത്യവും വണങ്ങുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ആ ദേശത്തെ ഭക്തരുടെ ആഗ്രഹ പ്രകാരം പ്രശ്‌നം വയ്ക്കുകയും ഒരു ക്ഷേത്രം നിര്‍മ്മിച്ച് അവിടെ വിരാജിക്കുന്നതിനു വിരോധമില്ല എന്നു കാണുകയും ചെയ്തതിനാല്‍ ഇന്ന് ക്ഷേത്രം നില നില്‍ക്കുന്ന സ്ഥലത്ത് കുടിയിരുത്തി. കുംഭമാസത്തിലെ ഭരണിനാളിലാണ് ഭഗവതിയുടെ പ്രതിഷ്ഠാദിനം. വാസ്തുശാസ്ത്രവിധി പ്രകാരമുള്ള നിര്‍മ്മിതിയോടു കൂടിയ ക്ഷേത്രം കപ്ലിങ്ങാട്ടു മനക്കാര്‍ നിര്‍മ്മിക്കുകയും ക്ഷേത്രത്തിന്റെ താന്ത്രികസ്ഥാനം കൈനിക്കര വടക്കേടം ഇല്ലക്കാര്‍ക്ക് കല്പിച്ചു നല്‍കുകയും ചെയ്തു.

Search